കോട്ടയം: അയ്മനം ഒളശയിൽ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെ ഒളശ്ശ സിഎംഎസ് ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കൻ & മീറ്റ് സ്റ്റോർ നടത്തുന്ന ചെങ്ങളം മാസ്റ്റേഴ്സ് വില്ലയിൽ കുന്നത്തിൽ അജു പി. തോമസ് (49) ആണ് മരിച്ചത്.
കട അടച്ചശേഷം പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ ഉൾപ്പടെ തെറിച്ചുപോയി.
ഓടിക്കൂടിയ നാട്ടുകാർ പരിപ്പ്, വരമ്പിനകം സ്വദേശികളായ ബൈക്ക് യാത്രികരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് അജുവും പരിക്കേറ്റ് വീണതായി മനസ്സിലാക്കുന്നതും പിന്നാലെ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചതും. പക്ഷേ, മരണം സംഭവിച്ചിരുന്നു. ബൈക്ക് യാത്രികരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബൈക്കും തകർന്നിട്ടുണ്ട്. പ്രിയയാണ് അജുവിൻ്റെ ഭാര്യ. നാല് പെൺമക്കളുണ്ട്.
