നായയുടെ കടിയേറ്റ വിവരം വീട്ടുകാരിൽനിന്നും മറച്ചുവെച്ച 14കാരന് പേവിഷ ബാധയെതുടർന്ന് ദാരുണാന്ത്യം. അയൽവാസിയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റ വിവരം ഒരുമാസത്തോളമാണ് 14കാരൻ വീട്ടുകാരെ ഭയന്ന് ആരോടും പറയാതെ രഹസ്യമാക്കിവെച്ചത്. ഗാസിയാബാദ് ചരൻസിങ് കോളനിയിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്വാസ് ആണ് മരിച്ചത്. ബുലന്ദ്ഷഹറിൽ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതോടെ ഗാസിയാബാദിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് മരണം.
ഗാസിയാബാദിലെ വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സെപ്റ്റംബർ ഒന്നിനാണ് ഷഹ്വാസിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. ഭക്ഷണം കഴിക്കാതിരിക്കുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ വീട്ടുകാരോട് നായയുടെ കടിയേറ്റ വിവരം ഷഹ്വാസ് പറയുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ വീട്ടുകാർ ദില്ലിയിലെ സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും എവിടെയും പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലുള്ള ആയുർവേദ ഡോക്ടറുടെ അടുത്തെത്തിച്ചാണ് ചികിത്സ നൽകിയത്. ആരോഗ്യനില വഷളായതോടെ ആംബുലൻസിൽ ഗാസിയാബാദിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം. സംഭവത്തിൽ വീട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും നായയുടെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്നും കോട്വാലി സോൺ എ.സി.പി നിമിഷ് പാട്ടീൽ അറിയിച്ചു.