ഉഡുപ്പി കുന്താപുരം: കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന യുവതി മരണപ്പെടുകയും സഹോദരനും ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അമ്പാരു സ്വദേശി അംബിക(22)യാണ് അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. ഓട്ടോറിക്ഷ മൂഡ്‌ലക്കാട്ടിനടുത്തെത്തിയപ്പോള്‍ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ വസന്ത പൂജാരി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാറിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അംബികയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അംബികയുടെ സഹോദരന്‍ ശാന്താറാം, ബന്ധു നയന്‍കുമാര്‍ എന്നിവരാണ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. കുന്താപുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധേരഹോബലിയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവരും.