വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞ അധ്യാപിക കിണറ്റിൽ ചാടി ജീവനൊടുക്കി



തിരുവനന്തപുരം  വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച പിജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. നെടുമങ്ങാട് വെർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ് ഷീജ ബീഗം. ഷീജയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ. 


എം വി എസ് സി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ്‌ (28) ചൊവ്വാഴ്ച ഉച്ചയ്ക്ക് വാഹനാപകടത്തിൽ മരിച്ചിരുന്നു. മകന്റെ മരണത്തിൽ മനം നൊന്ത് മാതാവ് ജീവനൊടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സർവകലാശാല സെക്യൂരിറ്റി ബിൽഡിങ്ങിന് സമീപം വച്ച് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിൻ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. എന്നാൽ ഷീജയെ മരണ വിവരം അറിയിച്ചിരുന്നില്ല. ഷീജയെ കഴകൂട്ടത്തെ ബന്ധു വീട്ടിൽ കൊണ്ട് വിട്ട ശേഷമാണ് ബന്ധുക്കൾ വയനാട്ടിലേക്ക് പോയത്. എന്നാൽ, രാത്രിയോടെ ഫേസ്ബുക്കിലൂടെ മകന്റെ മരണ വാർത്ത അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. അപകടത്തിൽ വൈത്തിരി പൊലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post