തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. രാജ് (36) എന്നയാളെയാണ് സഹോദരൻ ബിനു കൊന്ന് കുഴിച്ചുമൂടിയത്. ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് വീടിന്റെ പിൻഭാഗത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്യലിൽ സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തി.