പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളം തുറന്നുവിടുകയാണ്.
ഇന്ന് വൈകിട്ട് മുതല്‍ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.