എറണാകുളം മുവാറ്റുപുഴ വാഴക്കുളം ടൗണിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറുകളിലും കടയിലും ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം ആറരയോടെ വാഴക്കുളം സെന്റ് ജോർജ് ആശുപത്രിക്കു മുന്നിലായിരുന്നു അപകടം മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന അബിൽ മോൻ ബസാണ് അപകടത്തിനിടയാക്കിയത്. അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ആവോലി സ്വദേശിയുടെ റിറ്റ്സ് കാറിലും ചീനിക്കുഴി സ്വദേശിയുടെ സെലെറിയോ കാറിലും തുടർന്ന് ടെലിഫോൺ പോസ്റ്റിലും ഇടിച്ച ബസ് തൊട്ടടുത്ത കടകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇരു കാറുകളിലേയും
യാത്രക്കാർ സമീപത്തു തന്നെ വാഹനം
ഒതുക്കി ഇവിടെയുള്ള ഹോട്ടലിൽ
കയറിയതായിരുന്നു. കാറുകളിലും
നടപ്പാതയിലും കടകളുടെ മുൻവശത്തും
ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം
ഒഴിവായി.ബസ് ഇടിച്ചു കയറിയ
ലഘുഭക്ഷണശാല, പൂക്കട എന്നിവയുടെ
മുകൾ നില ഇടിഞ്ഞ് വീഴാവുന്ന നിലയിൽ
അപകടാവസ്ഥയിലാണ്.
അപകടത്തിനിടയാക്കിയ ബസ് അമിത വേഗതയിലായിരുന്നതായും കല്ലൂർക്കാട് കവലയിൽ മറ്റൊരു വാഹനത്തിൽ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായും ബസ് യാത്രക്കാർ പറഞ്ഞു. ഒരാഴ്ച മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു ടെലിഫോൺ പോസ്റ്റ് ലോറി ഇടിച്ച് സമീപത്തുള്ള വ്യാപാരശാലയുടെ മുകളിലേക്ക് ചരിഞ്ഞു വീണിട്ടുമുണ്ട്.
