കോഴിക്കോട്:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തീക്കുനി സ്വദേശിയായ അധ്യാപകന്‍ മരിച്ചു. തീക്കുനി പൂമുഖം ടി.അഷ്‌റഫാണ് (45) മരിച്ചത്. കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
വെള്ളൂർ കോടഞ്ചേരി എൽ.പി സ്കൂൾ അറബിക് അധ്യാപകനായിരുന്നു അഷ്റഫ്. സ്കൂൾ വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചായിരുന്നു അപകടം. കുന്നുമ്മൽ പള്ളിക്ക് സമീപം നടന്ന അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷ്റഫിന്
സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അഷ്റഫ് മരണത്തിന് കീഴടങ്ങിയത്.
സാമൂഹ്യ പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റർ ഇശൽ കൂട്ടം കൺവീനർ കൂടിയാണ്.
മുംതാസാണ് ഭാര്യ. അഫ് ലാഹ് ഷാദിൽ, ആദിൽ മുഹമ്മദ് എന്നിവർ മക്കളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
