മണ്ണാർക്കാട് ഉപ ജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്… സദസിനിടയിൽ പടക്കം പൊട്ടിച്ചു

 


പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. വിജയാഹ്ലാദത്തിനിടെ സദസ്സിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.


ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മണ്ണാർക്കാട് ഡി എച്ച് എസ് എസില്‍ സബ് ജില്ലാ കലോത്സവത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ സമ്മാനദാനച്ചടങ്ങിനിടെയായിരുന്നു കൂട്ടത്തല്ല് നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോള്‍ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെയും കല്ലടി സ്കൂളിലെയും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ എം ഇ എസ് സ്കൂളിലെ അധ്യാപകർ അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിക്കുകയും ഇവ സദസ്സിനിടയില്‍ ചെന്ന് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പടക്കങ്ങൾ പൊട്ടിച്ച് ആഘോഷ പ്രകടനങ്ങൾ നടത്തരുതെന്ന് ഡി എച്ച് എസ് എസ് സ്കൂൾ അധികൃതർ എം ഇ എസ് സ്കൂളിലെ അധ്യാപകരോട് പറഞ്ഞു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തതോടെ സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശി. കല്ലേറിൽ അധ്യാപകന് തലയ്ക്ക് പരുക്കേറ്റു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കണ്ടാൽ അറിയാവുന്നവ ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post