മൂവാറ്റുപുഴ അടൂപ്പറമ്പിൽ അന്യസംസ്ഥാന തൊഴിലാളികളെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി



എറണാകുളം : മൂവാറ്റുപുഴ അടൂപ്പറമ്പിൽ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തടിമില്ലിലെ ജീവനക്കാരായ ആസാം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്പ് കമ്പനിപ്പടിയ്ക്ക് സമീപമുള്ള താമസ സ്ഥലത്ത് കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇവർക്കപ്പമുണ്ടായിരുന്ന ഒഡീസ്സ സ്വദേശിയായ ഗോപാൽ മാലികിനെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ലെന്നും, ഇയാൾ ട്രെയിൻ കയറി പോയതായും സമീപവാസികളും, സഹ പ്രവർത്തകരും പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തിയ തൊഴിലാളികളിൽ ഒരാളുടെ ഭാര്യ ഇന്ന് രാവിലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മില്ലുടയുടെ നിർദ്ദേശപ്രകാരം തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയ ബേക്കറി ജീവനക്കാരനാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. കാണാതായ ആൾക്ക് വേണ്ടി പോലീസ് അന്വേഷണം ഉർജ്ജിതമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിവരുന്നത്. ഫോറൻസിക് - വിരലടയാള വിദഗധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.

Post a Comment

Previous Post Next Post