കുഞ്ചിത്തണ്ണി : സ്കൂള്‍ കവലയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് നിസ്സാരപരിക്കേറ്റു. വ്യാഴാഴ്ച 2.30-ന് കുഞ്ചിത്തണ്ണി-എല്ലക്കല്‍ റോഡില്‍ ഗവ.സ്കൂള്‍ കവലയിലാണ് അപകടം നടന്നത്.
സ്കൂള്‍ റോഡില്‍നിന്ന് കുഞ്ചിത്തണ്ണി ടൗണിലേക്ക് വന്ന കാറും ഇരുപതേക്കറില്‍നിന്ന് രാജാക്കാടിന് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ടൗണില്‍നിന്ന് വന്ന കാര്‍ തെറിച്ച് മറുവശത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചുനിന്നു.
പരിക്കേറ്റ രാജാക്കാട് സ്വദേശികളെ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം വിട്ടയച്ചു. ഒട്ടേറെ വാഹനാപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ് കുഞ്ചിത്തണ്ണി സ്കൂള്‍ കവല. സ്കൂള്‍ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളെ കാണാൻ സാധിക്കില്ല. മാത്രവുമല്ല പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് സ്കൂള്‍ ജങ്ഷനില്‍നിന്ന് കയറി വരുന്ന വാഹനങ്ങളെ കാണാനോ കഴിയാത്തതാണ് അപകടങ്ങള്‍ പതിവാകാനുള്ള കാരണം.