പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം വില്ലൻ വളവിൽ ടോറസ് ലോറി കാറിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ടോറസ് ലോറിയുടെ ശക്തമായ ഇടിയിൽ കാറിനെ 50 മീറ്ററോളം ദൂരം റോഡിലൂടെ നിരക്കിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ച അതേസ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്.
ഇന്ന് വൈകീട്ട് ആറരയോടെ പാലക്കാട് ഭാഗത്തേക്കുള്ളപാതയിൽ കുതിരാൻ തുരങ്കവും പാലവും കഴിഞ്ഞുള്ള വളവിലാണ് അപകടം സംഭവിച്ചത്. കുതിരാൻ തുരങ്കത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും മൂന്ന് വരിയിൽ വരുന്ന ദേശീയപാത പാലം കഴിയുന്നതോടെ രണ്ടുവരിയായി ചുരുങ്ങുന്നതാണ് അപകട കാരണം. വളവ് ആയതിനാലും റോഡിന്റെ വീതി കുറയുന്നതിനാലും പാലം കഴിഞ്ഞ് വേഗതയിൽ വരുന്ന വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽ പെടുന്നത് പതിവാണ്. അപകടങ്ങൾ ആവർത്തിച്ചിട്ടും റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനോ പ്രദേശത്തെ സർവ്വീസ് റോഡ് നിർമ്മിക്കാനോ ഹൈവേ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. അപകടത്തെതുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

