തൃശ്ശൂർ ദേശീയപാതയിൽ കുതിരാൻ ഇരുമ്പുപാലത്തിന് സമീപം സ്‌കൂട്ടറിനു പിന്നിൽ ടോറസ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്

 


കുതിരാൻ. ദേശീയപാതയിൽ കുതിരാൻ തുരങ്കം കഴിഞ്ഞ് ഇരുമ്പുപാലത്തിന് സമീപം സ്‌കൂട്ടറിനു പിന്നിൽ ടോറസ് ലോറിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മഞ്ഞവാരി പാണ്ട്യാമാക്കൽ ജാൻസി ബെന്നിക്ക് സാരമായി പരിക്കേറ്റു. ജാൻസി സഞ്ചരിച്ചിരുന്ന മുച്ചക്ര സ്‌കൂട്ടറിൽ പാലക്കാടു ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ വേഗത്തിൽ ഓടിച്ചു പോയി. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജാൻസിയുടെ നെറ്റിയിലും മുഖത്തും കൈവിരലുകൾക്കും സാരമായി പരിക്കേറ്റു. ഇവരെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാണഞ്ചേരി പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ ജാൻസി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കുതിരാൻ തുരങ്കവും പാലവും കഴിഞ്ഞ് ഇരുമ്പുപാലം ഭാഗത്തേക്ക് തിരിയുന്ന വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും ഉടൻ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സ്‌കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്നീട് വാളയാറിൽ വെച്ച് പോലീസ് പിടികൂടി. അപകടം സംഭവിച്ച ഈ ഭാഗത്ത് ദേശീയപാതയുടെ നിർമ്മാണം ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല.


പാലക്കാടു ഭാഗത്തേക്കുള്ള പാതയിൽ ഇവിടെ രണ്ടു ട്രാക്കുകൾ മാത്രമാണ് ഉള്ളത്. വളവ് ആയതിനാൽ പാലം കഴിഞ്ഞ് വേഗതയിൽ വരുന്ന വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽ പെടുക പതിവാണ്. അപകടങ്ങൾ ആവർത്തിച്ചിട്ടും റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനോ സർവ്വീസ് റോഡ് നിർമ്മിക്കാനോ ഹൈവേ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല



Post a Comment

Previous Post Next Post