തൃശ്ശൂർ ബ്ലാങ്ങാട്: നിയന്ത്രണം വിട്ട താർ എസ് യു വി റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു. ബ്ലങ്ങാട് ദ്വാരക ബീച്ചിൽ ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ചിൽ നിന്നും അമിത വേഗതയിൽ വരികയായിരുന്ന താർ എസ് യു വി ദ്വാരക ബീച്ച് വളവെത്തുന്നതിനു മുൻപായി റോഡിനു പടിഞ്ഞാറ് വശം റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ടു. ഇതോടെ മേഖലയിൽ വൈദ്യുതി നിലച്ചു. ബ്ലാങ്ങാട് ബീച്ച് മുതൽ ബേബി റോഡ് വരെ ഇരുട്ടിലായി. കെ എസ് ഇ ബി ജീവനക്കാർ സ്ഥലത്തെത്തി. മണിക്കൂറുകളോളം പ്രയത്നിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. അപകടം വരുത്തിയ വാഹനം ഭാഗികമായി തകർന്നു. ആർക്കും പരിക്കുകളില്ല. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അപകടം നടന്ന ഉടനെ സ്ഥലം വിട്ടതായി പറയുന്നു. വടക്കേകാട്, ഒരുമനയൂർ ഒറ്റതെങ് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
