തിരുവനന്തപുരം കല്ലമ്ബലം: ദേശീയപാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു.
ബസിലെ 26 പേര്‍ക്കും പിക്കപ്പ് വാനിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. വാനിലെ ഡ്രൈവര്‍ അഞ്ചുതെങ്ങ് നിലയ്ക്കാമുക്ക് പാറയടി സ്വദേശി വിഷ്ണുവിന്റെ പരിക്ക് ഗുരുതരമാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻതന്നെ ആംബുലൻസില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബസിലെ സീറ്റിലും കമ്ബികളിലും ഇടിച്ചാണ് ബസ് യാത്രക്കാരായ 26 ഓളം പേര്‍ക്ക് പരിക്കേറ്റത്
കല്ലമ്ബലം സ്വദേശി അക്ഷയ് (24),ശക്തികുളങ്ങര സ്വദേശികളായ അലനോവ് (21),അരുണ്‍ (29),പാരിപ്പള്ളി സ്വദേശി വിജയകുമാരൻനായര്‍ (67), തിരുവനന്തപുരം നടുക്കാട് സ്വദേശി അജയകുമാര്‍ (55), ആറ്റിങ്ങല്‍ സ്വദേശി ശ്രീജ (37),കൊല്ലം പള്ളിമുക്ക് സ്വദേശികളായ ഷജാന (40),ഖാദിയ (10), നഹാസ് (28), കടമ്ബനാട് സ്വദേശി ജൻസി (18), കായംകുളം സ്വദേശികളായ ഓമന (57),അനുഷ (27),വിപിൻ (36),രോഷ്നി (54),രാജി (33), ഓയൂര്‍ സ്വദേശി വിജി (32),കരിങ്ങന്നൂര്‍ സ്വദേശി അബിൻ (22),തിരുവനന്തപുരം പുല്ലുവിള സ്വദേശി സെല്‍വൻ (46),കുണ്ടറ കുമ്ബളം സ്വദേശി മോളികുട്ടി (61),പാളയംകുന്നു സ്വദേശി തസ്നി (28),ഞെക്കാട് സ്വദേശി രോഷ്നി (63),കൊല്ലം സ്വദേശി രമ്യ (39),ഹരിപ്പാട് സ്വദേശി മിനി (54),പള്ളിക്കല്‍ സ്വദേശി റജില (46), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി
ഹംസത്ത് (50) മൻട്രോതുരുത്ത് സ്വദേശി സുശീലൻ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. ആംബുലൻസ് അടക്കം വിവിധ വാഹനങ്ങളില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലും ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഭൂരിഭാഗം പേരും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കല്ലുവാതുക്കലില്‍ മീൻ ഇറക്കിയ ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്രയുടെ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. കല്ലമ്ബലം
പൊലീസും ഹൈവേ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡിന് സൈഡിലേക്ക് വാഹനങ്ങള്‍ മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതാ വികസനം നടക്കുന്നതിനാല്‍ റോഡിന്റെ ഇരു ഭാഗത്തും വീതി കുറവാണ്. അതിനാല്‍ നിയന്ത്രണം തെറ്റി വാഹനങ്ങള്‍ കൂട്ടിയിടിച്ചതാകാമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ മുൻ വശം പൂര്‍ണമായും തകര്‍ന്നു.
