മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിലെ പണി പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിലെ ഭൂഗർഭ നിലയിലേയ്ക്ക് വീണ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരണപ്പെട്ടു.തൃശൂർ ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആൻ്റുവിൻ്റെ ഭാര്യ ടി.ജെ മിനി(48)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ നടന്ന സംഭവത്തിൽ ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.തുടർന്ന് കോട്ടയ്ക്കൽ ചങ്കുവെട്ടി മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന മിനി കഴിഞ്ഞ ഒന്നര വർഷത്തോളമായി തിരൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു.ജോയൽ, ഏയ്ഞ്ചൽ എന്നിവർ മക്കളാണ്.
മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
