കോഴിക്കോട്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ട കാർ പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ ഇടിച്ചു. അപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ – റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
ഇന്ന് രാവിലെ കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. രക്തസ്രാവമുണ്ടായ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.
