മൂവാറ്റുപുഴ: വീടിന് തീപിടിച്ച് വൃദ്ധമാതാവിന് ദാരുണാന്ത്യം. വാളകം പഞ്ചായത്തിലെ മേക്കടമ്പിൽ എൽപി സ്കൂളിന് സമീപം താമസിക്കുന്ന ഓലിക്കൽ സാറമ്മ (85) ആണ് മരിച്ചത്.
രാവിലെ 9:30ഓടെ ആണ് സംഭവം നടന്നത്. പുക ഉയരുന്നത് കണ്ട് സമീപവാസിയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന് തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സാറാമ്മ തനിച്ചാണ് വീട്ടിൽ ഉണ്ടായിരുന്നത്. കട്ടിലിൽ കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടത്. മകൻ ബൈജു ജോലിക്ക് പോയി കഴിഞ്ഞാണ് സംഭവം നടന്നത്. മൂവാറ്റുപുഴ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. മൂവാറ്റുപുഴ പോലീസ് സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
