നിയന്ത്രണം വിട്ട് സ്കൂട്ടര്‍ കനാലില്‍ വീണ് സ്​കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം



കോഴിക്കോട് എലത്തൂരില്‍ കനോലി കനാലില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കക്കോടി സ്വദേശി ആര്‍. രജനീഷ് ആണ് മരിച്ചത്. 52 വയസായിരുന്നു. പൊലിസ് പിന്തുടരുന്നത് കണ്ട്  അമിതവേഗത്തില്‍ പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. 


പുതിയങ്ങാടിയിൽ നിന്ന് അമിത വേഗതയിൽ എത്തിയ രജനീഷ് എടക്കാട് ജംങ്ഷനിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ചതിന് പിന്നാലെ കനോലി കാനാലിലേയ്ക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്‌. സ്‌കൂട്ടർ സഹിതം 10 മീറ്റർ ആഴത്തിലേയ്ക്ക് വീഴുകയായിരുന്നു. പൊലിസും അഗ്നിരക്ഷാസേനയും ഉടൻ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് പിന്തുടരുന്നത് കണ്ട് അമിതവേഗതയിൽ പോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശത്തെ തട്ടുകട തൊഴിലാളികൾ പറഞ്ഞു. ടൗൺ സബ് ഡിവിഷന്റെ പട്രോളിങ് ചുമതലയുള്ള വെള്ളയിൽ പൊലിസിന്റെ വാഹനമാണ് പിന്തുടർന്നത് എന്ന് അത് വഴി യാത്ര ചെയ്ത കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകനും മൊഴി നൽകി. ഇതിനെതുടർന്ന് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. മേഖലയിലെ മൂന്ന് നിരീക്ഷണ ക്യാമറകൾ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചു. മൽസ്യവ്യാപാരിയാണ് മരിച്ച രജനീഷ്.

Post a Comment

Previous Post Next Post