വയനാട്ടിലെ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു; ഭാരത് ജോ‍ഡോ ന്യായ് യാത്ര നിർത്തി വെച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്



ദില്ലി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജനരോഷം ഇരമ്പിയതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക.

വരാണസിയിലാണ് ഭാരത് ജോ‍ഡോ ന്യായ് യാത്ര നിലവിൽ എത്തിനിൽക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയ്റാം രമേശ് അറിയിച്ചു. വയനാട്ടിൽ തന്‍റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുൽ ഗാന്ധിക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുമെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി 3 മണിക്ക് പ്രയാഗ്‌രാജിലേക്ക് രാഹുൽ തിരിച്ചെത്തും.


അതേസമയം വയനാട്ടിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താലിനിടെ ജന രോഷം അണപൊട്ടിയൊയുകുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞു. വാഹനത്തിന് മുകളിൽ വനം വകുപ്പിന് റീത്ത് വച്ചു. ടയറിന്‍റെ കാറ്റഴിച്ചു വിട്ടു. റൂഫ് വലിച്ചു കീറി. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. 


പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തി.

Post a Comment

Previous Post Next Post