തലശേരി: തലശേരിക്കടുത്ത് കതിരൂരിൽ നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി നിരവധി വാഹനങ്ങൾ തകർന്നു. പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
കാൽനട യാത്രക്കാരും വാഹന യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കതിരൂർ ബേങ്ക് വനിതാ ശാഖയ്ക്ക് സമീപം പതിനൊന്ന് മണിയോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ടി.എൻ 52 H 5047 നമ്പർ ലോറി നിയന്ത്രണം നഷ്ട്ടമായ് പിന്നോട്ട് നീങ്ങുകയായിരുന്നു.
സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും, ഓട്ടോയിലും 6 ഇരു ചക്രവാഹനങ്ങളിലും ഇടിച്ചാണ് ലോറി നിന്നത്. ലോറി കയറി പല ഇരുചക്ര വാഹനങ്ങളും പൂർണ്ണമായും തകർന്ന നിലയിലാണ്. അപകട സമയത്ത് ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങളിലും റോഡരികിലും യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽ പെട്ട ഇരുചക്ര വാഹനങ്ങളുടെ ടാങ്ക് തകർന്ന് റോഡിൽ ഇന്ധനം ഒഴുകി. ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റിയാണ് 'ഇന്ധനം നീക്കിയത് 'അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസവും ഉണ്ടായി.
