തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി, സ്ത്രീയെ വലിച്ചിഴച്ചു; ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ ദേഹത്ത് വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്കൊല്ലം: കരുനാഗപ്പള്ളി തഴവയില്‍ കേബിള്‍ കുരുങ്ങി സ്ത്രീക്ക് പരിക്ക്. തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി വളാലില്‍ മുക്കില്‍ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 


കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ് കേബിള്‍ പൊട്ടിയത്. രണ്ടു കേബിളുകളാണ് പൊട്ടിയത്. ഇതില്‍ കുരുങ്ങിയ സന്ധ്യയെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. അതിനിടെ ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ സന്ധ്യയുടെ ദേഹത്ത് വീണു. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ അത്യാഹിതം സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടക്കത്തില്‍ കേബിള്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ധ്യ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.എന്നാല്‍ ശ്രമം വിജയിക്കാതെ വന്നതോടെ, കേബിളില്‍ കുരുങ്ങിയ സന്ധ്യയെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് പരിക്കേറ്റ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അറിയാതെ മുന്നോട്ടുപോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

Post a Comment

Previous Post Next Post