ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചുപാലക്കാട്: ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. കാവശ്ശേരി പത്തനാപുരം സ്വദേശി രാജേഷാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെ തിരിച്ചെത്തിയാണ് രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് ശല്യപ്പെടുത്തുന്നുവെന്ന് യുവതി ആലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഞായറാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരു കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കുകയുമായിരുന്നു. ശേഷം സ്റ്റേഷനിൽ നിന്ന് പോയ രാജേഷ് തിരികെയെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടൻ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.Post a Comment

Previous Post Next Post