വർക്കല: പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വിദേശ വിനോദസഞ്ചാരി മരിച്ചു. ഇംഗ്ലണ്ട് സ്വദേശി റോയി ജോണ്‍ ടെയ്ലർ (55) ആണ് മരിച്ചത്
വെള്ളിയാഴ്ച രാവിലെ 11.30-ഓടെ ഹെലിപ്പാടിന് താഴെ പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം.
രാവിലെ മുതല്‍ റോയി ജോണും ഭാര്യയും കടലില്‍ കുളിക്കുകയായിരുന്നു. ഇറങ്ങുന്ന ഭാഗത്ത് കുഴിയും തിരമാല അടിക്കുന്ന ഭാഗത്ത് മണല്‍ത്തിട്ടയുമായിരുന്നു. നന്നായി നീന്തലറിയുന്ന റോയി ജോണ്‍ ബോഡി സർഫിങ് നടത്തിവരികയായിരുന്നു. ഇതിനിടെ ശക്തമായ തിരയില്‍പ്പെട്ട് തല മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കഴുത്തിനും മുഖത്തും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ റോയി ജോണിനെ ലൈഫ് ഗാർഡുകള്‍ ചേർന്ന് കരയ്ക്കെത്തിച്ചു. പ്രഥമശുശ്രൂഷ
നല്‍കിയശേഷം പടിക്കെട്ട് വഴി ഹെലിപ്പാടിലെത്തിച്ചു. തുടർന്ന് ആംബുലൻസില്‍ വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.