കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി


 തിരുവനന്തപുരം  തിരുവല്ലം: യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി തിരുവല്ലം പാലത്തിന്റെ ഒരുവശത്തുളള കൈവരിയിൽ ഇടിച്ചുകയറി. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിനോട് ചേർത്ത് നിർമ്മിച്ചിരുന്ന 15 അടിയോളം ഉയരമുള്ള ഇരുമ്പ് വേലി തകർന്ന് താഴേയ്ക്ക് പതിച്ചു.

കാറിലുണ്ടായിരുന്ന യുവാക്കൾക്ക് പരിക്കുകളുള്ളതായി തിരുവല്ലം പോലീസ് പറയുന്നു. എന്നാൽ, അപകടത്തിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്ന യുവാക്കൾ ഇറങ്ങിയോടി. പൂന്തുറ, പുതിയതുറ, തമിഴ്നാട് ഉൾപ്പെട്ട ഭാഗത്ത് നിന്നുളള യുവാക്കളാണ് സംഘത്തിലുള്ളതെന്നും സൂചനയുണ്ട്.


ഞായറാഴ്ച രാത്രി 11 ഓടെ തിരുവല്ലം- കോവളം ബൈപ്പാസിൽ തിരുവല്ലം പാലത്തിലാണ് അപകടം. തമിഴ്നാട് ഭാഗത്ത് നിന്നുമെത്തിയ കാറാണെന്ന് സംശയിക്കുന്നു. കോവളം- തിരുവല്ലം ബൈപ്പാസിലൂടെ എത്തിയ കാർ കുമരിചന്ത ഭാഗത്ത് എത്തിയശേഷം തിരികെ തിരുവല്ലത്തേക്ക് വരുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഡിവൈഡറിലിടിച്ച് കയറി ഇരുമ്പ് കൈവരിയും ഉയരമുളള ഇരുമ്പ് വേലിയും തകർത്തു. സംഭവത്തെ തുടർന്ന് തിരുവല്ലം പോലീസെത്തി വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ അറിയിച്ചു. രാത്രിയോടെ കാറ് മാറ്റാനുളള ശ്രമം തുടരുന്നു.

Post a Comment

Previous Post Next Post