ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി



തിരൂരങ്ങാടി മൂണിയൂർ : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഫദ്‌വയുടെ വിയോഗത്തിൽ നാട് വിതുമ്പി. പ്രീപ്രൈമറി വിദ്യാർഥിയായ ഫദ്‌വ മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഹസ്സൻകുട്ടി-ഫസ്‌ന ദമ്പതികളുടെ മകളാണ്.

കടലുണ്ടി പുഴയുടെ കാര്യാട് കടവ് പാലത്തിനു സമീപം കുളിക്കുന്നതിനിടെയാണ് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. കടുത്ത പനിയും തലവേദനയും മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ഇതിനുള്ള മരുന്നില്ലാത്തതിനാൽ വിദേശത്തു നിന്നടക്കം എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഫദ്‌വ വിടപറഞ്ഞത്. ഫദ്‌വക്കൊപ്പം കുളിച്ചിരുന്ന മറ്റു നാലു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗലക്ഷണമില്ലാത്തതിനെതുടർന്ന് ഇവർ ആശുപത്രി വിട്ടിരുന്നു.


ഫദ്‌വയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കടവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

Previous Post Next Post