അഹമ്മദാബാദ്: ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. അർദ്ധ രാത്രി വരെ ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് അഞ്ചുപേരെ രക്ഷിക്കാനായതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. കേശർബെൻ കഞ്ചാരിയ (65), പേരമക്കളായ പ്രീതിബെൻ കഞ്ചാരിയ (15), പായൽബെൻ കഞ്ചാരിയ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.