തമിഴ്‌നാട്ടിലെ കള്ളികുറിച്ചി ഉളുന്ദൂർപേട്ടയിൽ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച പുലർച്ചെയാണ് അപകടo.
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം മമ്പാക്കം വാസൈപന്തലിൽ നിന്നുള്ള 20 പേരാണ് മിനി ബസിൽ ഉണ്ടായിരുന്നത്. മേട്ടൂർ ചെന്നൈ ത്രിച്ചി ജിഎസ്‌ടി റോഡിന് സമീപം ഉളുന്ദൂർപ്പേട്ടയിലെത്തിയപ്പോഴാണ് മിനിബസ് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മറ്റ് 16 പേരെ ആശുപത്രിയിൽ എത്തിച്ചു. വാഹനം ഓടുന്ന സമയത്ത് ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കല്ലുറിച്ചി ജില്ലാ പൊലീസ് മേധാവി രജത് ചതുർവേദി സ്ഥലം സന്ദർശിച്ചു.
അപകടത്തെ തുടർന്ന് ട്രിച്ചി - ചെന്നൈ പാതയിൽ ഗതാഗത തടസമുണ്ടായി