ഗുജറാത്തിൽ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മെഷ്വോ നദിയിൽ കുളിക്കാൻ ഇറങ്ങിയ എട്ട് ഗ്രാമവാസികൾ മരണപ്പെടുകയായിരുന്നു എന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ബി.ബി മോദിയ അറിയിച്ചു.
നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ എത്തിയ ഗ്രാമവാസികളാണ് നദിയിൽ അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റേ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടന്നതിനൊടുവിലാണ് എട്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. നദിയിൽ മുങ്ങിപോയിരിക്കാമെന്ന് സംശയിച്ചിരുന്ന ഒരാളെ പിന്നീട് ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.