ഇടുക്കി തൊടുപുഴ: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്കൂൾ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി കോട്ടക്കവല പൂമറ്റത്തിൽ നവനീതിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർഥിയെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ തൊടുപുഴ -വണ്ണപ്പുറം റൂട്ടിലോടുന്ന മൺസൂര്യ ബസ് കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കരിമണ്ണൂർ - തൊമ്മൻകുത്ത് റൂട്ടിൽ ഇന്നലെ രാവിലെ 8.40നായിരുന്നു അപകടം. ബസിലെ തിരക്ക് കാരണം ചവിട്ടു പടിയിൽനിന്നും ഉള്ളിലേക്ക് കയറാനായില്ല. ഡോർ അടയ്ക്കാതെയാണ് ബസ് മുന്നോട്ട് പോയത്. എതിരേ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെ നവനീതിന്റെ തല റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ബസ് കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.