തിരുവനന്തപുരം: വീടിനുള്ളിൽ മരിച്ച നിലയിൽ. ചൊവ്വര പുതുവൽ പുത്തൻ വീട്ടിൽ സ്വകാര്യ റിസോർട്ടിനു സമീപം താമസിക്കുന്ന സദാനന്ദൻ (65) ആണ് മരിച്ചത്.
ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്‌ച വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ വിഴിഞ്ഞം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ. എം. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുറിക്കുളളിൽ സദാനന്ദൻ്റെ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു. നടപടികൾക്കുശേഷം മൃതദേഹം ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും.
സംഭവത്തിൽ ദുരൂഹതയില്ലെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു. സദാനന്ദന്റെ ഭാര്യ ഗിരിജ മൂന്നര വർഷം മുൻപ് മരിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മക്കളുടെ അടുത്ത് നിന്ന് മാറി ചൊവ്വരയുളള വീട്ടിൽ ഒറ്റയ്ക്കു താമസിച്ച് വരുകയായിരുന്നു. മക്കൾ; കുഞ്ഞുമോൾ,സനൽ, സാജൻ. വിഴിഞ്ഞം പോലീസ് കേസെടുത്തു.