കണ്ണൂർ: മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ വീടിനു മുന്നിൽ ഉണ്ടായ കാറപകടത്തിൽ പിതാവ് മരിച്ചു. പാവന്നൂർമൊട്ടയിലെ പുതിയ വീട്ടിൽ പി വി വത്സൻ ആശാരി (55)യാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 7.30 മണിയോടെയാണ് അപകടം. വീട്ടിനു മുന്നിലെ റോഡരുകിൽ നിൽക്കുകയായിരുന്നു വത്സൻ. ഇതിനിടയിൽ മയ്യിലിൽ നിന്നു ഇരിക്കൂറിലേയ്ക്ക് പോകുകയായിരുന്ന കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വത്സന്റെ മകൾ ശിഖയുടെ വിവാഹം ഡിസംബർ 28ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി വീട്ടുവളപ്പിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽവീട്ടിൽ നിന്നു ഉന്തുവണ്ടിയുമായി വരുന്നതിനിടയിലാണ് വത്സൻ അപകടത്തിൽപ്പെട്ടത്.
ഭാര്യ:പ്രീത. മക്കൾ: ശിഖ, ശ്വേത.