മുംബൈ: മുംബൈയിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുംബൈയിലെ വഡാലയിലാണ് ദാരുണ സംഭവം.
അമ്മയോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്നിരുന്ന 18 മാസം പ്രായമുള്ള ആൺകുട്ടിയുടെ മേലാണ് കാർ ഇടിച്ചുകയറിയത്.
പൊലീസ് പറയുന്നതനുസരിച്ച്, രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. അംബേദ്കർ കോളേജിന് സമീപമുള്ള നടപ്പാതയിൽ 29 കാരിയായ പ്രിയ ലോന്ദെ മകൻ വർദ്ധനൊപ്പം ഉറങ്ങുകയായിരുന്നു. ഇവരുടെ മേലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. ഭർത്താവ് നിഖിൽ കുടുംബത്തിന് ഭക്ഷണം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം.
ജനങ്ങളാണ് വാഹനം തടഞ്ഞു നിർത്തി പൊലീസിനെ വിളിച്ചത്. ആർഎകെ മാർഗ് പോലീസ് സ്ഥലത്തെത്തി ഡ്രൈവർ വഡാല ഭവ്യ ഹൈറ്റ്സിലെ താമസക്കാരനായ കമൽ വിജയ് റിയയെ (46) അറസ്റ്റ് ചെയ്തു.
പരുക്കേറ്റ അമ്മയെയും കുഞ്ഞിനെയും കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. പ്രിയയുടെ തോളിലും പുറകിലും ഒടിവുകൾ സംഭവിച്ചു, ചികിത്സയിലാണ്