ജീവന് വേണ്ടി പിടയുന്ന കുട്ടികളെയെടുത്ത് ഓടുമ്ബോൾ ആ പിതാവ് അറിഞ്ഞില്ല സ്വന്തം മകൻ വെള്ളത്തിനടിയിലെന്ന്



കാസർകോട്   കാഞ്ഞങ്ങാട്: കരഞ്ഞുകൊണ്ട് കാ ഓടിയെത്തിയ അജ്വദ് എന്താണ് പറയുന്നതെന്ന് പള്ളിയിലുള്ളവർക്ക് ആദ്യം മനസ്സിലായില്ല. കുളത്തിലേക്ക് ചൂണ്ടിയാണ് അവൻ പൊട്ടിക്കരയുന്നത്.   ഓടിയെത്തിയ നാട്ടുകാരില്‍ ചിലർ കുളത്തിലേക്കു ചാടി. രണ്ടു കുട്ടികളുണ്ടെന്ന് അവർ വിളിച്ചുപറഞ്ഞു. പിന്നാലെ മൂന്നാമത്തെ കുട്ടിയും.  

സുഹൃത്തുക്കളാണ് ഹാഷിമും അഫാസും. മഡിയനിലെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ഹാഷിം, സഹോദരങ്ങളായ അൻവറിനെയും അജ്വദിനെയും കൂട്ടി അഫാസിന്റെ വീട്ടിലെത്തിയത് ഉച്ചയ്ക്ക് മൂന്നുമണിയോടെ. ഒപ്പം അഫാസും ചേർന്നു. നാലുപേരും പള്ളിക്കുളത്തിലെത്തുമ്ബോള്‍ അവിടെ കുറേപ്പേർ കുളിക്കുന്നുണ്ടായിരുന്നു. നീന്തല്‍വശമില്ലാത്തതിനാല്‍ അജ്വദ് ഒഴികെ മൂന്നുപേരും വെള്ളമുള്ള കല്‍പ്പടവിലിറങ്ങി കുളിക്കാൻ തുടങ്ങി. അജ്വദ് കരയിലുമിരുന്നു. കുളികഴിഞ്ഞ് പോകുന്നവർ ഇവരോട് പറയുന്നുണ്ടായിരുന്നു, വേഗം കുളിച്ചുകയറി പോകെന്ന്. പെട്ടെന്നാണ് അഫാസിന്റെ പാദരക്ഷകളിലൊന്ന് വെള്ളത്തിലേക്കുപോയത്. കൈയെത്തിപ്പിടിക്കാൻ നോക്കവെ, വെള്ളത്തില്‍ വീണു. അവനെ കൈപിടിക്കാനാണ് ഹാഷിമും അൻവറും ശ്രമിച്ചത്. എന്നാല്‍, രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു. രണ്ടുപേരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. അറിഞ്ഞവരറിഞ്ഞവർ കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലക്കോടി. എംഎല്‍എ എം. രാജഗോപാലൻ ഉള്‍പ്പെടെയുള്ളവർ ആസ്പത്രിയിലെത്തി. ആസ്പത്രിയും പരിസരവും ആളുകള്‍ നിറഞ്ഞു


മാതാപിതാക്കള്‍ മലേഷ്യയില്‍


മരിച്ച അൻവറിന്റെയും ചികിത്സയിലുള്ള ഹാഷിമിന്റെയും മാതാപിതാക്കള്‍ ഹൈദറും ആബിദയും മലേഷ്യയിലാണ്. ആബിദയ്ക്ക് ഇവിടെ ജോലി കിട്ടിയതോടെയാണ് കുടക് സ്വദേശികളായ ഇവർ കാഞ്ഞങ്ങാട്ടെത്തുന്നത്. മാണിക്കോത്തെ സ്വകാര്യ ആസ്പത്രിയില്‍ നഴ്സായിരുന്നു ആബിദ. മഡിയനിലെ തൗഫീഖ് ക്വാർട്ടേഴ്സില്‍ താമസവുമാക്കി. ആസ്പത്രി പൂട്ടിയതോടെ ആബിദ മലേഷ്യയില്‍ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്കു പോയി. മക്കള്‍ അൻവറിനെയും ഹാഷിമിനെയും അജ്വദിനെയും ഇവിടെ ഉമ്മയെ എല്‍പ്പിച്ചായിരുന്നു ആബിദ പോയത്. മൂന്നു കുട്ടികളെയും നോക്കുന്നത് ഇവരാണ്. മറ്റു കുടുംബാംഗങ്ങള്‍ എല്ലാവരും കുടകിലാണുള്ളത്. അതിനാലാണ് അൻവറിന്റെ മൃതദേഹം കുടകിലേക്കു കൊണ്ടുപോകുന്നത്.



ന്റെ മോനേ, അറിഞ്ഞില്ലാല്ലോ, നീ വെള്ളത്തിനടിയിലുള്ളത്


ജീവനുവേണ്ടി പിടയുന്ന രണ്ടു കുട്ടികളെയുമെടുത്ത് ആസ്പത്രിയിലേക്കു കുതിച്ച അസീസ് അറിഞ്ഞില്ല, തന്റെ മകൻ വെള്ളത്തിനടിയില്‍ മരണത്തോട് മല്ലടിക്കുന്നത്. അധികം വൈകാതെ നേരിയ പ്രാണനോടെ അവനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മാണിക്കോത്ത് പഴയ പള്ളിക്കുളത്തില്‍ മരിച്ച അഫാസിന്റെ പിതാവ് അസീസ് നെഞ്ചുപൊട്ടിക്കരയുമ്ബോള്‍ ആശ്വസിപ്പിക്കാനാകുന്നില്ല ആർക്കും.


പള്ളിയില്‍ നിന്ന് അധികം അകലെയല്ലാത്ത പാലക്കിയിലാണ് അസീസിന്റെ വീട്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്‌ കിടന്നുറങ്ങുകയായിരുന്നു അസീസ്. ഒപ്പം മകനുമുണ്ടായിരുന്നു. എപ്പോഴാണ് അവൻ എഴുന്നേറ്റ് പോയതെന്ന് അറിയില്ല. പള്ളിക്കുളത്തില്‍ കുട്ടികള്‍ മുങ്ങിയെന്നറിഞ്ഞതോടെ ഓടിയെത്തിയവരില്‍ ഒരാള്‍ അസീസായിരുന്നു. വെള്ളത്തില്‍ നിന്ന് ആദ്യമെടുത്ത ഹാഷിമിനേയും അൻവറിനേയും കൊണ്ട് തന്റെ കാറില്‍ അസീസ് കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലേക്കു കുതിച്ചു. രണ്ടുകുട്ടികളേയും കാറിലെടുത്തിട്ട് മുന്നോട്ട് നീങ്ങുന്നതിനിടെ അസീസ് വിളിച്ചുപറയുന്നുണ്ട്, ഒരു കുട്ടികൂടി വെള്ളത്തിലുണ്ടെന്ന്.


മൂന്നോ നാലോ പേർ കുളത്തില്‍ മുങ്ങി പരിശോധിച്ചു. ആരുമില്ലെന്നുപറഞ്ഞു കയറി. പ്രദേശത്തെ ബാസിത് എന്നയാള്‍ ഒന്നുകൂടി മുങ്ങിനോക്കിയപ്പോഴാണ് അഫീസിനെ കണ്ടത്. പുറത്തെടുത്തപ്പോഴും ജീവനുണ്ടായിരുന്നു. അവനെയും കൊണ്ട് പ്രദേശത്തുകാർ ആസ്പത്രിയിലേക്ക് കുതിച്ചു. മൻസൂർ ആസ്പത്രിയിലെത്തിയപ്പോഴും അവന് ജീവനുണ്ടായിരുന്നു. പേടിക്കണ്ട ജീവനുണ്ടെന്ന് പറഞ്ഞ് എല്ലാവരും അസീസിനെ ആശ്വസിപ്പിച്ചു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അഫാസിന്റെ ആ നേരിയ ശ്വാസവും നിലച്ചു.


രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചതറിഞ്ഞ് കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലെത്തിയ എംഎല്‍എ എം.രാജഗോപാലൻ അടക്കമുള്ളവർ, ഇൻസൈറ്റില്‍ അൻവർ, അഫാസ്

നാട്ടുകാർ മുങ്ങിയെടുത്തു, പക്ഷേ...


മാണിക്കോത്തെ പള്ളിക്കുളത്തില്‍ കുട്ടികള്‍ മുങ്ങിത്താണവിവരം നാട്ടുകാർ അറിഞ്ഞത് കരയിലുണ്ടായിരുന്ന അജ്വാദ് ഓടിച്ചെന്ന് വിവരം പറഞ്ഞപ്പോഴാണ്. തൊട്ടടുത്തുള്ള പള്ളിയിലുണ്ടായിരുന്നവരോടാണ് പറഞ്ഞത്. ഓടിയെത്തിയ നാട്ടുകാർ അൻവറിനെയും ഹാഷിമിനെയും മുങ്ങിയെടുത്തു. വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് അഫാസിനെ കിട്ടിയത്. മൂന്നുപേരെയും കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലെത്തിച്ചു. ആസ്പത്രിയിലെത്തുമ്ബോഴേക്കും അൻവർ മരിച്ചിരുന്നു; വൈകാതെ അഫാസും. ചിത്താരി ഹിമായത്തുല്‍ ഇസ്ലാം യുപി സ്കൂള്‍ ഏഴാംതരം വിദ്യാർഥിയാണ് അഫാസ്. സഹോദരങ്ങള്‍: അറഫാത്ത്, അഫ്ന. ചിത്താരി ഹിമായത്തുല്‍ ഇംഗ്ലീഷ് മീഡിയം നാലാംതരം വിദ്യാർഥിയാണ് അൻവർ.


പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങള്‍ കാസർകോട് ജനറല്‍ ആസ്പത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം അൻവറിന്റെ മൃതദേഹം സ്വദേശമായ കുടക് അയ്യങ്കേരിയിലും അഫാസിന്റെ മൃതദേഹം മാണിക്കോത്തും ഖബറടക്കും.

Post a Comment

Previous Post Next Post