മംഗളൂരു : കർണാടകയിൽ കനത്ത മഴയിൽ വീടിനു മുകളിലേക്ക് കുന്നിടിഞ്ഞു വീണ് രണ്ടിടങ്ങളിലായി നാലുപേർ മരിച്ചു. ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെ വീടിനു പിന്നിലെ കുന്നിടിഞ്ഞു വീഴുകയായിരുന്നു. ......
കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം പൂജാരിയും ചികിത്സയിലാണ്. നാട്ടുകാർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ദെർലക്കട്ടെയ്ക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ്, വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തോട്ടബെങ്കരെയ്ക്ക് സമീപം മീൻ പിടിക്കാനിറങ്ങിയ രണ്ടുപേരെ വള്ളം മറിഞ്ഞ് കാണാതായി. യശ്വന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അലിവ് ബാഗിലുവിനടുത്ത് മീൻപിടിക്കുന്നതിനിടെ ശക്‌തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. പിന്നീട് തീരത്ത് വള്ളത്തിന്റെ പെട്രോൾ ടാങ്ക് കണ്ടെത്തി.