മംഗ്‌ളൂരു: കർണാടക ബണ്ട്വാൾ കംബോഡിയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെള്ളൂർ സ്വദേശി അബ്ദു്‌ദുൽ റഹീമിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണൽ തൊഴിലാളികളായ ഇവരെ മണൽ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അക്രമത്തിനിരയായ ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച്‌തന്നെ മരിച്ചു.
കൊല്ലപ്പെട്ട ഇംതിയാസ് എസ്കെഎസ്എസ്എഫ് പ്രവർത്തകനും കോൾട്ടമജലു മസ്‌ജിദ് കമ്മറ്റിയുടെ സെക്രട്ടറിയുമാണ്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവയിൽ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എന്താണ് അക്രമത്തിന് കാരണം എന്ന് വ്യക്തമല്ല
അതേസമയം ദക്ഷിണ കന്നട ജില്ലയിൽ 30 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ ചൊവ്വാഴ്‌ച വൈകിട്ട് ആറിന് പ്രാബല്യത്തിൽ വന്ന നിരോധാജ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു വരെ തുടരും