കാസർകോട്: ബന്തിയോട്, കൊക്കച്ചാലിലെ തോട്ടിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്തിയോട്, കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താ(8)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് മുൻവശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നാണ് വീടിന് സമീപത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന സംശയം ഉയർന്നത്. തുടർന്ന് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തോട്ടിൽ തെരച്ചിൽ ആരംഭിച്ചു. മൂന്നരയോടെ വീട്ടിൽ നിന്നും 500 മീറ്റർ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പള നയാബസാറിലെ എജെഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. ഹാജിറയാണ് മാതാവ്. സഹോദരൻ സിദ്ധീഖ്.