പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു; അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, കോഴിക്കോട് മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകിവീണു



സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.......

തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും (ജൂൺ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളിൽ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60  കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത' കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കോഴിക്കോട് മടവൂരിൽ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. മടവൂർ, പൈമ്പാലശ്ശേരി, മുട്ടാൻചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നൽ ചുഴലിയുണ്ടായത്. നിരവധി മരങ്ങൾ കടപുഴകിവീണു. 12 ഓളം വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണു. പോസ്റ്റുകൾ വീണതിനെത്തുടർന്ന് പലയിടത്തും വൈദ്യുതി ഇല്ല. (ചിത്രത്തിൽ മടവൂർ മേഖലയിലുണ്ടായ മിന്നിൽ ചുഴലിയിൽ മരം വീണ് തകർന്ന വീട്)

മടവൂർ മേഖലയിലുണ്ടായ മിന്നിൽ ചുഴലിയിൽ മരം വീണ് തകർന്ന വീട്.



ശക്തമായ കാറ്റിൽ കോഴിക്കോട് പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ഗ്ലാസ് ഡോർ കാറ്റിൽ തകർന്നു. ആർക്കും പരിക്കില്ല. എൻജിഒ ക്വാർട്ടേഴ്സിലും മരം വീണ് വീട് തകർന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചിൽനിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകൾ ഉൾപ്പടെ നീക്കം ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടു.

സാധാരണനിലയിൽനിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി.


കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. നദീതീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കാസർകോട് ചെർക്കള ബേവിഞ്ചക്ക് സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞു. ഇതേത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചന്ദ്രഗിരി പാലം സംസ്ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്

ഇടുക്കി കൊന്നത്തടിയിൽ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ മരംവീട് മേൽക്കൂര തകർന്നു. കോട്ടയം വൈക്കത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഉദയാപുരത്ത് വീടിന്റെ മേൽക്കൂര പറന്നുപോയി. മലയോര മേഖലയിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.

Post a Comment

Previous Post Next Post