അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എൻ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.
തന്റെ സ്വപ്‌ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവൻ വിമാന അപകടത്തിൽ പൊലിഞ്ഞത്. ഗൃഹപ്രവേശന ചടങ്ങുകൾ നടത്തേണ്ട പുതിയ വീട്ടിലേക്ക് നാളെ എത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാണ്.ഉടൻ തന്നെ ഗൃഹപ്രവേശനം നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. പല സുഹൃത്തുക്കളോട് രഞ്ജിത ഈ ആഗ്രഹം പങ്കുവെക്കുകയും ചെയ്‌തു. രഞ്ജിതയുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിർമ്മിച്ചത്.
പ്രായമായ അമ്മയും തൻ്റെ കുട്ടികളെയും പുതിയ വീട്ടിലേക്ക് ഉടൻ മാറ്റിപ്പാർപ്പിക്കണം എന്നായിരുന്നു രജിതയുടെ ആഗ്രഹം. ഗൃഹപ്രവേശനത്തിനായി ഒരുങ്ങേണ്ട വീട്ടിലേക്ക് നാളെ എത്തുക രഞ്ജിതയുടെ മൃതശരീരമാണ്. രഞ്ജിത നിലവിൽ താമസിക്കുന്ന വീടിനോട് ചേർന്ന് തന്നെയായിരുന്നു സ്വപ്‌നഭവനവും പണിത് ഉയർത്തിയത്.