നീലേശ്വരം : വീടിനകത്തുകയറി തെരുവുനായയുടെ അക്രമണം.ആറ് പേർക്ക് കടിയേറ്റു.ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ വീടിനകത്ത് മത്സ്യബന്ധന വല നെയ്യുകയായിരുന്ന ദിലീപിനെ (40) നെ ഓടിവന്ന തെരുവുനായ ആക്രമിച്ചു.
തൈക്കടപ്പുറം സൗത്തിലെ വാർഡ് കൗൺസിലർ പി.കെ. ലതയുടെ മകനും മത്സബന്ധനത്തൊഴിലാളിയുമാണ് ദിലീപ് ശബ്ദംകേട്ട് വീട്ടുകാർ റൂമിലേത്തിയപ്പോൾ ദിലീപിനെ നായ ആക്രമിക്കുകയായിരുന്നു.
തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങി ഓടിയ നായ സമീപത്തെ വീടുകളിൽ കയറി പദ്‌മജാ ശൺമുഖൻ, ഗിരിജ ബാലൻ, അനിത സുഗുണദാസ്, തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ രാജേഷ് , മനീഷ് കുമാർ എന്നിവരെയും അഴിത്തല പുലിമുട്ടിൽ മത്സ്യംപിടിക്കാൻ എത്തിയ ഒരാളെയും ആക്രമിച്ചു.
വീടുകളിൽപോലും സുരക്ഷിതമായിരിക്കാൻ കഴിയാതെ തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടുകയാണ് നീലേശ്വരത്തെ ജനം. നീലേശ്വരം റെയിൽവേ മേൽപ്പാലം മുതൽ മാർക്കറ്റ് വരെയുള്ള സ്ഥലങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
രാപ്പകലില്ലാതെ നായ്ക്കൾ കൂട്ടത്തോടെ കടിപിടി കൂടുകയും വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും വാഹനങ്ങൾക്കുപിറകെ ഓടി അപകടം വരുത്തിവെക്കുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്.സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളടക്കമുള്ളവർ ഭീതിയിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി പേർക്കാണ് നീലേശ്വരത്തും പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചികിത്സ വൈകിയതായി ആരോപണം
നീലേശ്വരം : ചൊവ്വാഴ്ച തെരുവുനായയുടെ കടിയേറ്റ നീലേശ്വരത്തെ ആറുപേർക്ക് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സ വൈകിയതായി ആരോപണം.ചികിത്സയ്ക്കായി ജില്ലാ ആശുപത്രിക്ക് മുന്നിൽ മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. 12.20-ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയ ദിലീപിന് ഒരു മണിക്ക് ടെസ്റ്റ് ഡോസ് എടുത്തു. ഒരുമണിക്കൂർ കഴിഞ്ഞ് എടുക്കേണ്ട ഇമ്യൂണോഗ്ലോബുലിൻ എടുത്തത് 3.45-ന്. ദിലീപിനെ കൂടാതെ ബാക്കിയുള്ള അഞ്ചുപേരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. പിന്നിട് നീലേശ്വരം നഗരസഭാ കൗൺസിലർ ഇ. ഷജീർ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അറിയിക്കുകയും എംപി ഡിഎംഒ യുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ചികിത്സ വേഗത്തിലാക്കിയതെന്നാണ് ആരോപണം.
എന്നാൽ ചികിത്സയിൽ കാലതാമസം ഇല്ലെന്നും അത്യാഹിതവിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും മൃഗങ്ങളുടെ കടിയേറ്റ് ചികിത്സയ്ക്കായി വന്ന 20 ഓളം കേസുകൾ ചൊവ്വാഴ്ച ഉണ്ടായിരുന്നു.
ആളുകളുടെ എണ്ണം കൂടിയതോടെ ആർഎംഒ അടക്കമുള്ള ഡോക്ടർമാരുടെ സേവനവും തുടർന്ന് നൽകിയിരുന്നു. ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ പറഞ്ഞു. തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എല്ലാ താലൂക്ക് ആശുപത്രിയിലും ചികിത്സാസൗകര്യം വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
