തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം 12:30യോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട നടപ്പാതയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർക്ക് ഗുരുതര പരിക്ക്.. സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലും കാർ ഇടിച്ചു.
മൂന്ന് ഓട്ടോ ഡ്രൈവർമാർക്കും കാൽനടയാത്രക്കാരായ സ്ത്രീയടക്കം രണ്ട് പേർക്കും പരിക്കേറ്റു. പരിക്കേറ്റ ഷാഫി, സുരേന്ദ്രൻ, കുമാർ തുടങ്ങിയ ഓട്ടോ ഡ്രൈവർമാരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഇയാളുടെ ബന്ധുവും കാറിൽ ഉണ്ടായിരുന്നു.
ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റർ ചവിട്ടിയതാകാം അപകടകാരണമെന്ന് ആർ.ടി.ഒ അജിത് കുമാർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ വാഹനത്തിന് സാങ്കേതികമായ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു.
