ആലുവ: പെരിയാറില്‍ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു. മാനന്തവാടി വേമം വലിയ കുന്നേല്‍ ചാക്കോയുടെ മകൻ ബിനു ജേക്കബാണ് (47) മരിച്ചത്.
ഇന്നലെ വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് സംഭവം.
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയില്‍ കുഴഞ്ഞുപോവുകയായിരുന്നു. വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം തിരച്ചില്‍ നടത്തി. 5.30 ഓടെ കടവില്‍ നിന്ന് 30 മീറ്ററിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
