മലപ്പുറം മഞ്ചേരിയ്ക്കടുത്ത് നറുകര ആലുക്കലില്‍ കോളജ് ബസിന് പിറകില്‍ സ്കൂട്ടർ ഇടിച്ച് യാത്രക്കാരി മരിച്ചു. മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയും രാമനാട്ടുകര സ്വദേശി സജീവന്‍റെ ഭാര്യയുമായ കൊച്ചിലത്ത് വീട്ടില്‍ പ്രസന്ന (53) യാണ് മരിച്ചത്.
നഗരസഭയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലുക്കലില്‍ യൂണിറ്റി കോളജിലേക്ക് പ്രവേശിക്കുന്ന റോഡിനടുത്താണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കോളജ് ബസിന് പിറകിലിടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഉടനെ മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് 11 മണിക്ക് നഗരസഭയില്‍ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
