കോഴിക്കോട് നാദാപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ കാർ ഇടിച്ചു തെറിപ്പിച്ചു. നാദാപുരം പുറമേരിയിലാണ് കാർ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ഏഴാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടി രക്ഷപ്പെട്ടതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടത്തനാട് രാജ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി എടച്ചേരി സ്വദേശി സൽമാനാണ് അപകടത്തിൽ നിന്ന്
തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയോടെ മുട്ടുങ്ങൽ നാദാപുരം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ച് റോഡിലേക്ക് തന്നെ വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികൾ ചേർന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. കാറിന് അമിത വേഗതയായിരുന്നെന്നും, എന്നാൽ കുട്ടികൾ അശ്രദ്ധമായാണ് റോഡ് മുറിച്ച് കടന്നതെന്നും ദൃക്‌സാക്ഷികൾ ആരോപിക്കുന്നുണ്ട്.
