നിയന്ത്രണം വിട്ട് ജീപ്പ് തോട്ടിലേയ്ക്ക് മറിഞ്ഞ് എട്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം മുനിയറയിലെ പൂഞ്ചിറ തോട്ടിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടത്തിൽ പന്തക്കല്ലുങ്കൽ എഡ്വിൻ ജോർജ് (21), സഹോദരൻ നെവിൻ ജോർജ് (13), ആൻസ് റോയി വരിക്കപ്ലാക്കൽ (20), കണ്ടത്തിപറമ്പിൽ ജോർജ് തോമസ് (30), ഏബെൽ ജോൺസൺ കോടിപ്ലാക്കൽ (10), അജിൻസ് സാം (13), ജോസഫ് കൊച്ചുപറമ്പിൽ (27), ഡ്രൈവർ കൂവപ്പള്ളി പുന്നതാനത്ത് ആൽവിൻ ഫ്രാൻസിസ് എന്നിവർക്കാണ് പരിക്കേറ്റത്.
റോഡിൽ നിന്നും 60 മീറ്റർ ദൂരത്തിലുള്ള തോട്ടിലേക്കാണ് ജീപ്പ് മറിഞ്ഞത്. സാരമായി പരിക്കേറ്റ ആൻ റോയിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേലുകാവ് നിന്നുള്ള നാസിക് ഡോൾ മേളക്കാർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. ചക്കിക്കാവ് പള്ളി പെരുന്നാളിന് മേളത്തിന് പോയി മടങ്ങവെയാണ് അപകടം.
