കോഴിക്കോട്: മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കർ (71) ആണ് മരിച്ചത്. ടെറസിന് മുകളിൽ കയറിയപ്പോൾ, ടാങ്കിന്റെ സമീപത്തു കൂടി കടന്നുപോകുന്ന വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.
ദൂരേക്ക് തെറിച്ചുവീണ അബൂബക്കറിനെ ഉടൻ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്തെ ബഹളം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയൽവാസി മാടാനയിൽ ആഷിറിനും (24) ഷോക്കേറ്റു. ഇയാൾ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് കൈമാറി.
