നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വെടിമരുന്ന് നിർമാണ ഫാക്ടറിയിൽ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നാഗ്‌പൂർ നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള കൽമേശ്വർ തെഹ്‌സിലിലെ റൗൾഗാവ് ഗ്രാമത്തിലെ ഖനന, വ്യവസായിക സ്ഫോടകവസ്തു നിർമാതാക്കളായ എസ്.ബി.എൽ എനർജി ലിമിറ്റഡ് ഫാക്ടറിയിലാണ് സ്ഫോടനം. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന കേന്ദ്രമാണിത്. സ്ഫോടനത്തിൽ സമീപ പ്രദേശങ്ങളും വിറച്ചു.
രാവിലെ ആറുമണിയുടെ ഷിഫ്റ്റിൽ 35 തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നെന്നാണ് വിവരം. സ്ഫോടനത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപ്പിടിത്തമുണ്ടായി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ഖനനത്തിനും മറ്റും ആവശ്യമായ സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും നിർമിക്കുന്ന സ്ഥാപനമാണിത്.
സ്ഫോടനത്തിന് പിന്നാലെ ഫയർ ബ്രിഗേഡ് സംഘവും കൽമേശ്വർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നാഗ്‌പുരിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചതായി എസ്പി പോദ്ദാർ പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലെ ഒരു പടക്ക നിർമാണ യൂനിറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടത് കഴിഞ്ഞദിവസമാണ്.
