മലപ്പുറം: മക്കരപറമ്പിനും കൂട്ടിലങ്ങാടിക്കും ഇടയിൽ ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. മങ്കട ചേരിയം ചോലശ്ശേരി ഗഫൂറിന്റെ (വാപ്പുട്ടി) മകൻ സിയാൻ ആണ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. മാരുതി സെൻ, എർട്ടിഗ എന്നീ കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ ആകെ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തി. ഒരു കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ ഫയർഫോഴ്സ് സാഹസികമായി പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിയാന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടെങ്കിലും, ഫയർഫോഴ്സ് സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
