ബേപ്പൂർ: റോഡരികിലെ തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു നടന്നുപോവുകയായിരുന്ന വയോധികന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാറാട് സാഗര സരണി സ്വദേശി ഇമ്പായില്ലം വീട്ടിൽ വിജയൻ (70) ആണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബേപ്പൂർ നടുവട്ടം പെരച്ചനങ്ങാടിയിൽ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിജയന്റെ തലയിലേക്ക് മരത്തിന്റെ വലിയൊരു ശിഖരം പൊട്ടിവീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പ്രഥമശുശ്രൂഷ നൽകിയതും ആശുപത്രിയിലേക്ക് മാറ്റിയതും.
"ഒളിഞ്ഞിരിക്കുന്ന അപകടം, അധികൃതർ കണ്ണുതുറക്കണമെന്ന് നാട്ടുകാർ"
പ്രദേശത്തെ തണൽമരങ്ങളുടെ പല ശിഖരങ്ങളും ഉണങ്ങി ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന അപകടാവസ്ഥയിലാണ് ഇപ്പോഴുമുള്ളത്. ഐ.ടി കോളേജ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും നൂറുകണക്കിന് മറ്റ് യാത്രക്കാരും നിത്യേന കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു റോഡാണിത്.
ഇനിയും വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ്, അപകടഭീഷണിയുയർത്തുന്ന മരച്ചില്ലകൾ അടിയന്തരമായി വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.
