കോഴിക്കോട് നടുവണ്ണൂർ: സംസ്ഥാന പാതയിൽ ആഞ്ഞോളി മുക്കിനടുത്ത് ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് വൈദ്യുതി വിതരണം മുടങ്ങി. യൂണിവേഴ്സിറ്റിയിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് തകർന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി മുറിഞ്ഞു. കുറ്റ്യാടി സ്വദേശി ഓടിച്ച ആൾട്ടോ കാർ ആണ് അപകടത്തിൽപ്പെട്ടത്.11 കെ വി ലൈൻ വൈദ്യുതി പ്രവഹിക്കുന്ന എച്ച് ടി പോസ്റ്റാണ് തകർന്നത്. അതുകൊണ്ടുതന്നെ നാളെ പോസ്റ്റ് മാറ്റി സ്ഥാപിച്ചതിനുശേഷമേ വൈദ്യുതി വിതരണം നടക്കുവെന്ന് കെ എസ് ഇ ബി അറിയിച്ചു. ആഞ്ഞോളിമുക്ക് ട്രാൻസ്ഫോമറിൽ നിന്നും കരുവണ്ണൂർ ട്രാൻസ്ഫോമറിൽ നിന്നും വരുന്ന കണക്ഷനുകളെ വൈദ്യുതി വിതരണം ബാധിച്ചു. അപകടം നടന്ന ഉടനെ എയർബാഗ് പ്രവർത്തിച്ചതിനാൽ മാത്രം ഡ്രൈവർ പരിക്കില്ലാതെയും ഷോക്ക് ഏല്ക്കാതെയും രക്ഷപ്പെട്ടു.
ഡ്രൈവ് ചെയ്യുമ്പോൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് യുവാവ് പറഞ്ഞു.രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. പോസ്റ്റ് നെടുകെ മുറിയുകയും കാർ എതിർ സൈഡിലേക്ക് തിരിയുകയും ചെയ്‌തു. കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് മെയിൻലൈനിൽ ഓഫാക്കിയ ശേഷമാണ് ആശ്വാസമായത്. വൈദ്യുതി വിതരണം സ്ഥംഭിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പകൽ സമയത്ത് റെക്കോർഡ് ഉഷ്‌ണം രേഖപ്പെടുത്തപ്പെട്ടതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
